50. കേരള പിറവിയും
അറബി ഭാഷ പഠനവും
ടിവി അബ്ദുറഹിമാന്‍കുട്ടി
മൊബൈല്‍ . 9495095336
1957 ലെ ഇ എം എസിന്‍റെ പ്രഥമ മന്ത്രി സഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ: ജോസഫ് മുണ്ടശ്ശേരി അധ്യാപകരുടെ സേവനം സുരക്ഷിതമാക്കുന്നതിനും അവരെ സ്‌കൂള്‍ മാനേജ്‌മെന്‍റിന്‍റെ 'സ്വാമി-സേവക' മണ്ഡലത്തില്‍ മോചിപ്പിക്കുന്നതിനും വേണ്ടി മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥകളും പുതിയ പരിഷ്‌കാരങ്ങളും ഉള്‍പ്പെടുത്തി അവതരിപ്പിച്ച കേരള എജ്യുകേഷന്‍ റൂള്‍(KER) പുതിയൊരു ദിശാബോധം വിദ്യാഭ്യാസ രംഗത്ത് നല്‍കി. പതിറ്റാണ്ടുകളായി അധ്യാപകര്‍ അനുഭവിച്ച് വന്നിരുന്ന യാതനകള്‍ക്ക് അറുതി വന്നു. തിരുവിതാകൂറിലും കൊച്ചിയിലും പ്രൈമറി തലത്തിലും, ഇരുപത് മുസ്‌ലിം കുട്ടികള്‍ പഠിക്കാനുണ്ടായാല്‍ മലബാറില്‍ ഹൈസ്‌ക്കൂള്‍ തലത്തിലും മാത്രമേ അറബി അധ്യാപകരെ നിയമിച്ചിരുന്നുള്ളു. ഈ രീതി മാറ്റി പുതിയ റൂള്‍ അനുസരിച്ച് അറബി പഠിക്കാന്‍ മുസ്‌ലിം കുട്ടികളുള്ള കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ അദ്ദേഹം അറബിക്ക് പഠനം എകീകൃതമാക്കി.
1967 ലെ സ്പതകക്ഷി മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി. എച്ച്. മുഹമ്മദ് കോയ സ്‌പെഷലൈസിഡ് അധ്യാപകരായി പരിഗണിച്ചിരുന്ന അറബി അധ്യാപകരെ മുഴുവനും ഭാഷാ അധ്യാപകരാക്കുകയും അറബിക്ക് പോസ്റ്റുകളുടെ ഏണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. 1970കളില്‍ പല സ്‌കൂളുകളിലും പോസ്റ്റുകള്‍ ഉണ്ടാകുകയും സാധാരണ കുടുംബങ്ങളിലെ പലരും അറബിക്ക് പാസ്സായി അധ്യാപകരാകുകയും ചെയ്തു. അറബി ഭാഷക്ക് മൂക്കു കയറിടാന്‍ കൊണ്ടുവന്ന അക്കോമഡേഷന്‍, ഡികളറേഷന്‍, ക്വാളിഫികേഷന്‍ കരി നിയമങ്ങള്‍ക്കെതിരെ 1980 ജൂലായ് 30 ന് നടന്ന ഭാഷ സമരവും മജീദ്-റഹ്‌മാന്‍-കുഞ്ഞിപ്പയുടെ വിരമൃത്യുവും ചരിത്രം എക്കാലത്തും സ്മരിക്കും. ഇ. ടി. മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് കൂടുതല്‍ അറബിക്ക് കോളേജുകള്‍ക്ക് അംഗീകാരം നല്‍കി. അമുസ്‌ലിം കുട്ടികള്‍ക്ക് കൂടി അറബി ഭാഷ പഠിക്കാന്‍ അവസരമൊരുക്കണമെന്നു 2011ലെ നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ കെ. ടി. ജലീല്‍ സബ് മിഷനിലൂടെ ഉന്നയിച്ചതിനെ തുടര്‍ന്ന് നിയമ ഭേദഗതി കൂടാതെ തന്നെ വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്ബ് എടപ്പാള്‍ ഗവണ്‍മെന്‍റ് എല്‍. പി. സ്‌കൂളിലെ അമുസ്‌ലിം കുട്ടികള്‍ക്ക് അറബി ഭാഷ പഠിക്കാന്‍ അവസരമൊരുക്കി അറബിക്ക് അദ്ധ്യാപക തസ്തിക നിലനിര്‍ത്തി സര്‍ക്കാര്‍ ഉത്തരവായി.
അഞ്ച് പതിറ്റാണ്ടിനിടയില്‍ ഭാരതവും ഗള്‍ഫ് നാടുകളും തമ്മിലുണ്ടായ പ്രവാസ, നയതന്ത്രവളര്‍ച്ച ഹേതുവായി കേരളത്തില്‍ മറ്റു ഭാഷകളെ അപേക്ഷിച്ച് അറബി ഭാഷക്ക് ഗണ്യമായ തോതില്‍ മുഖ്യധാര വികാസം പ്രാപിക്കാന്‍ അവസരം ലഭിച്ചു. ധാരാളം അറബി പണ്ഡിതന്മാരും സ്ഥാപനങ്ങളും അറബിയില്‍ അസംഖ്യം രചനകളും ഇതിന് സഹായകമായി.
ഇന്ന് ആയിരകണക്കിന് അറബി അധ്യാപകര്‍ അംഗീകൃത വിദ്യാലയങ്ങളിലും അല്ലാതെയും സേവനമനുഷ്ഠിക്കുന്നു. പതിനായിരകണക്കിന് വിദ്യാര്‍ത്ഥികള്‍ ഈ ഭാഷ പഠിക്കുന്നു. ധാരാളം വിദ്യാലയങ്ങളും കലാലയങ്ങളും പ്രവര്‍ത്തിക്കുന്നു. അറേബ്യന്‍ - മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് പുറമെ അറബി വ്യാപകമായി പഠിപ്പിക്കുന്ന ഒരേയൊരു സംസ്ഥാനമാണ് കേരളം. വിവിധ മത സംഘടനകളുടെ കീഴില്‍ അറബിക്ക് മുഖ്യ ഭാഷയായുള്ള ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, കാരന്തൂര്‍ മര്‍ക്കസ്, ശാന്തപുരം ഇസ്‌ലാമിക കോളേജ് തുടങ്ങീ പല കലാലയങ്ങളിലെയും കോഴ്‌സുകള്‍ക്ക് അലീഗര്‍ മുസ്‌ലിം യൂനിവേവ്‌സിറ്റി, ആസാദ് യൂണിവേഴിസിറ്റി പോലുള്ള ദേശീയ-അന്തര്‍ദേശീയ ഉന്നത വിദ്യാഭ്യാസ സര്‍വകലാശാലകള്‍ അംഗീകാരം നല്‍കുന്നു.
കേരളീയരില്‍ ജാതി-മത ഭേദമന്യേ ഗള്‍ഫ് പ്രവാസവുമായി ബന്ധപ്പെട്ടും അല്ലാതെയും സംസ്ഥാന ജനസംഖ്യയുടെ നാലിലൊരു ഭാഗം വരുന്ന മുസ്‌ലിംകള്‍ മതപരമായും ദൈനംദിനം അറബി ഭാഷയെ ആശ്രയിക്കുന്നു. ഈ വസ്തുതകളെല്ലാം പരിഗണിക്കുമ്പോള്‍ ഭാരതത്തില്‍ ആദ്യമായി സമ്രാജ്വത്വ വിരുദ്ധ പോരാട്ടത്തിന് ആഹ്വാനം നല്‍കിയ ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍റെ പേരില്‍ ഒരു മഖ്ദൂമിയ്യ അറബിക്ക് യൂനിവേഴ്‌സിറ്റിയൊ അല്ലെങ്കില്‍ ഇഫ്‌ലുപോലെ അറബി ഭാഷക്ക് പ്രഥമ സ്ഥാനം നല്‍കി അറബിക് ആന്‍റ് ഫോറിന്‍ ലാന്‍ഗ്വേജ് യൂനിവേഴ്‌സിറ്റി(അഫ്‌ലു) സ്ഥാപികക്കേണ്ടത് സാമൂഹിക നീതിയുടെ അടിസ്ഥാനത്തില്‍ മിതവും ന്യായവുമായ ആവശ്യമാണ്. ഇതിന് വേണ്ടിയുള്ള ഇടപെടലുകള്‍ ഔദ്യോഗിക അനൗദ്യോഗിക തലത്തില്‍ ഊര്‍ജ്ജിതമാകേണ്ടതിന് ഭാഷാ പ്രേമികളും സംഘടനകളും അടിയന്തിര പ്രാധാന്യത്തോടെ രംഗത്തിറങ്ങണം.
ഹൈദരാബാദ് ആസ്ഥാനമായുള്ള ഇംഗ്ലീഷ് ആന്‍റ് ഫോറിന്‍ ലാഗ്വേജ് യൂനിവേഴ്‌സിറ്റി(ഇഫ്‌ലു) യുടെ ഒരു ക്യാമ്പസ് മലപ്പുറം ജില്ലിയിലെ പാണക്കാട് ഉടനെ സജീവമാകും. ഇവിടെ അറബിക്കും പാഠ്യ വിഷയമാണ്. അബ്ദുറഹിമാന്‍ രണ്ടത്താണി നിയമ സഭയില്‍ നേരത്തെ തന്നെ ഈ ആവശ്യമനുസരിച്ച് അനൗദ്യോഗിക പ്രമേയം അവതരിപ്പിച്ചിരുന്നു. കേരള സര്‍ക്കാര്‍ 75 ഏക്കര്‍ ഭൂമി കൈമാറിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുകയു സ്‌പെഷ്യല്‍ ഓഫീസറായി മലയാളിയായി ഡോ. പി. പി. മുഹമ്മദിനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ക്ലാസുകളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.