3. സാമൂതിരിയും മുസ്‌ലിംകളും
ടിവി അബ്ദുറഹിമാന്‍കുട്ടി
മുബൈല്‍ : 9495095336
പെരുമാള്‍ അറേബ്യയിലേക്ക് യാത്ര തിരിക്കുന്ന അവസരത്തില്‍ തന്‍റെ അധീനത്തിലുളള രാജ്യം സാമന്തര്‍ക്ക് വിഭജിച്ച് നല്‍കി. വിഭജന സമയത്ത് വൈകിയെത്തിയത് കുന്നലകോനാതിരിയായിരുന്നു. പെരുമാള്‍ തന്‍റെ ഉടവാളും കോഴി കൂവിയാല്‍ കേള്‍ക്കാവുന്ന സ്ഥലവും അദ്ദേഹത്തിന് നല്‍കിയിട്ട് ചത്തും കൊന്നും ദേശങ്ങളെ അധീനപ്പെടുത്തി കൊള്ളുക എന്ന് ഉപദേശിക്കുകയും ചെയ്തുവെത്രെ. പരിച വള്ളുവകോനാതിരിക്കും നല്‍കി. തുടര്‍ന്ന് കേരളത്തില്‍ നാടുവാഴികളുടെയും സ്വരൂപങ്ങളുടെയും ഭരണമായിരുന്നു. അക്കാലത്ത് മലബാറില്‍ രണ്ട് കോനാതിരിമാരെ പ്രബല ശക്തിയായി ഉണ്ടായിരുന്നുള്ളൂ. കുന്നലകോനാതിരിയും വള്ളുവകോനാതിരിയും. കുന്നലകോനാതിരിയാണ് സാമൂതിരിയായി പിന്നീട് അറിയപ്പെട്ടത്. ഈ പ്രബല ശക്തികള്‍ മിക്കപ്പോഴും കൊമ്പുകോര്‍ക്കുക പതിവായിരുന്നു. എ.ഡി 347 ല്‍ ആരംഭിച്ച സാമൂതിരിയുടെ പൂര്‍വ്വികരായ നെടിയിരുപ്പ് സ്വരൂപം 12-ാം നൂറ്റാണ്ടില്‍ പോര്‍ലാതിരിയെ ആക്രമിച്ച് കോഴിക്കോട് കീഴടക്കി. തുടര്‍ന്ന് ഈ നാടു ഭരിച്ച ഭരണാധികാരികളാണ് സാമൂതിരിമാര്‍. തലസ്ഥാനം കോഴിക്കോടായി മാറുകയും ചെയ്തു.
സാമൂതിരിയില്‍ നിന്ന് മുസ്‌ലിംകള്‍ക്ക് അര്‍ഹമായ അംഗീകാരവും പ്രോല്‍സാഹനവും ലഭിച്ചു. വിദേശ വ്യാപാര കുത്തക മുസ്‌ലിംകള്‍ളുടെ നിയന്ത്രണത്തിലായിരുന്നു. രാജ്യത്തിന്‍റെ ഐശ്വര്യത്തിന് മുഖ്യ കാരണം മുസ്‌ലിംകള്‍ നല്‍കിയ നിഷ്‌കളങ്കമായ പിന്തുണയായിരുന്നു. കോഴിക്കോടിന് ആഗോള തലത്തില്‍ സത്യത്തിന്‍റെ തുറുമഖമെന്ന ഖ്യാതി നേടാന്‍ ഇത് കാരണമായി. ഭരണകൂടം തുറമുഖാധിപനായി നിയമിച്ചിരുന്ന മുസ്‌ലിം വര്‍ത്തക പ്രമുഖന്‍ ഷാബന്ദര്‍ കോയക്ക് നായര്‍ മാടമ്പിമാര്‍ക്ക് നല്‍കിയിരുന്നതുപോലെ എല്ലാ പദവികളും നല്‍കി ആദരിച്ചു. നഗരത്തിലെ മുസ്‌ലിംകളുടെ നിയന്ത്രണവും മാമാങ്ക മഹോത്സവത്തില്‍ നിലപാട് തറയില്‍ സാമൂതിരിയുടെ ഇടത് വശത്ത് നില്‍ക്കുവാനുള്ള അവകാശവും അദ്ദേഹത്തിനായിരുന്നു. മാമാങ്കത്തിന്‍റെ രക്ഷാപുരുഷ സ്ഥാനം സാമൂതിരിക്ക് ലഭിച്ചതില്‍ കോയ നിര്‍ണായക പങ്ക് വഹിച്ചു. സാമൂതിരിയുടെ കെട്ടിച്ചെഴുന്നള്ളത്ത് സമയത്ത് പല്ലക്കില്‍ കയറി വലത് ഭാഗത്ത് ഒരുമിച്ച് പോകാനും രാജകീയ ചടങ്ങായ അരിയിട്ട് വാഴ്ചയുടെ ഘോഷയാത്ര കല്ലായിപ്പുഴ കടക്കുന്ന സമയത്ത് വടക്കെ കരയില്‍ സാമൂതിരിയെ സ്വീകരിക്കുന്നവരുടെ കൂടെ കോയ, ഖാസി, മരക്കാര്‍, പള്ളി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ അകമ്പടി സേവകരായിരിക്കണം. ഭഗവതിയുടെ വാളേന്തുന്ന നമ്പൂതിരിയെ കൂടാതെ പ്രതീകാത്മകമായി മക്കത്ത് പോയ ചേരമാന്റെ വാളേന്തുന്ന വ്യക്തി കൂടി വേണം. കോയക്കുള്ളത് പോലെയുള്ള പല അധികാരവകാശങ്ങളും കോഴിക്കോട് ഖാസിക്കുമുണ്ടായിരുന്നു.
കണ്ണൂരിലെ അറക്കല്‍ സ്വരൂപം ഒഴികെ മലബാറിലെ ഭരണാധികാരികളെല്ലാം ഹിന്ദുക്കളായിരുന്നു. ഹൈന്ദവ നിയമനുസരിച്ചായിരുന്നു ഭരണ നിര്‍വ്വാഹണമെങ്കിലും സാമൂതിരിയില്‍ നിന്നും മുസ്‌ലിംകള്‍ക്ക് മാന്യമായ ഭരണ സൗകര്യങ്ങളും നീതിയും ലഭിച്ചു. മുസ്‌ലിംകളാരെങ്കിലും പിഴ ഒടുക്കേണ്ട സന്ദര്‍ഭത്തില്‍ രാജ്യ നിയമമനുസരിച്ച് മാത്രമെ വസൂല്‍ ചെയ്തിരുന്നുള്ളൂ. വ്യാപാരാധിപത്യവും പലപ്പോഴും രാജ്യ വികസന ചുമതലയും മുസ്‌ലിംകളുടെ നിയന്ത്രണത്തിലായതിനാല്‍ ഹിന്ദുകള്‍ക്കിടയില്‍ അവര്‍ക്ക് മാന്യമായ അംഗീകാരം ലഭിച്ചു. ജുമുഅ നടത്താനും ഇസ്‌ലാമിക ആഘോഷങ്ങള്‍ കൊണ്ടാടാനും ഉദാരമായ സൗകര്യങ്ങള്‍ നല്‍കി. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഗ്രാന്‍റോടെ ഖാസിമാരെയും പള്ളിയിലെ ബാങ്ക് വിളിക്കാരെയും നിയമിച്ചു. ശരിഅത്ത് നിയമങ്ങള്‍ പ്രായോഗിക തലത്തില്‍ നടപ്പാക്കാന്‍ ഖാസിമാരെ ഭരണകൂടം സഹായിച്ചു. ജൂമുഅ നിര്‍വ്വാഹണത്തില്‍ അനാസ്ഥ കാണിക്കാന്‍ ആരെയും അനുവദിച്ചിരുന്നില്ല. ജുമുഅ ഉപേക്ഷിക്കുന്നവരെ ശിക്ഷിക്കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. കൊലകുറ്റം ചെയ്ത മുസ്‌ലിംകളെ മുസ്‌ലിം നേതാക്കളുടെ അനുവാദത്തോട് കൂടി മാത്രമേ വധ ശിക്ഷ നടപ്പാക്കിയിരുന്നുള്ളു. എത്ര വലിയ ധനികനായാലും വിള നികുതിയോ സ്ഥല നികുതിയോ ഈടാക്കിയിരുന്നില്ല. എന്നാല്‍, കച്ചടവടക്കാര്‍ ആദായത്തില്‍ നിന്ന് പത്തിലൊന്ന് സര്‍ക്കാറിന് നല്‍കണം. മുസ്‌ലിം ഭവനങ്ങളില്‍ അവരുടെ അനുവാദം കൂടാതെ അന്യര്‍ പ്രവേശിക്കുകയില്ല. മുസ്‌ലിം വീടുകളില്‍ കൊല പുള്ളികള്‍ അഭയം പ്രാപിച്ചാല്‍ അതിക്രമിച്ച് കയറി പിടിക്കൂടുകയുമില്ല. പുറത്തിറക്കികൊടുക്കാന്‍ ആവശ്യപ്പെടും. ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്താന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. മുസ്‌ലിമാവുന്നവരെ യതൊരു തരത്തിലും വിഷമിപ്പിക്കില്ല. ഇതര മുസ്‌ലിംകള്‍ക്ക് നല്‍കുന്ന ആദരവും അംഗീകാരവും അവര്‍ക്കും ലഭിച്ചിരുന്നു. താഴ്ന്ന ജാതിക്കാര്‍ മുസ്‌ലിമായാലും അര്‍ഹിക്കുന്ന പരിഗണന നല്‍കിയിരുന്നു. നവമുസ്‌ലിം സമുദ്ധാരണത്തിന്ന് മുസ്‌ലിം വ്യാപാരികളില്‍ നിന്ന് പ്രത്യേക ഫണ്ട് സ്വരൂപിച്ചിരുന്നു. ഇങ്ങനെ നാനവിധ സ്വാതഭന്ത്ര്യത്തോടും അന്തസ്സോടും കൂടി യായിരുന്നു സാമൂതിരി ഭരണത്തില്‍ മുസ്‌ലിംകള്‍ ജീവിച്ചിരുന്നത്.
ആദ്യകാല മഖ്ദൂമുകളും സാമൂതിരിയും തമ്മിലുള്ള ബന്ധം സുദൃഡമായിരുന്നു. മഖ്ദൂമിങ്ങളെ തന്‍റെ ഉപദേകശന്മാരായി നിയമിച്ചു. അറേബ്യന്‍-മുസ്‌ലിം രാഷ്ട്ര തലവന്മാരുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ക്ക് ചുക്കാന്‍ പിഠിച്ചിരുന്നത് മഖ്ദൂമിങ്ങളായിരുന്നു.
ചരിത്ര പണ്ഡിതന്‍ പ്രൊഫ:ആര്‍ണോള്‍ഡ് പറയുന്നു. സാമൂതിരിയുടെ രാജ്യത്തെ മീന്‍ പിടുത്തക്കാരുടെ കുടുംബങ്ങളിലെ ഒന്നോ അതിലധികമോ ആണ്‍ സന്തതികളെ മുസ്‌ലിംകളായി വളര്‍ത്തികൊണ്ട് വരേണ്ടതാണെന്ന് കല്‍പിച്ചു. ഈ പുതിയ സന്തതികളാണ് പിന്നീട് പുതു ഇസ്‌ലാമീങ്ങള്‍ എന്ന് വിളിച്ചു വരുന്ന മത്സ്യതൊഴിലാളികളില്‍ ഒരു വിഭാഗമായി മാറിയത്. തന്‍റെ നാവിക മേല്‍കക്കോയ്മ വളര്‍ത്താന്‍ കൂടിയാണ് മുസ്‌ലിങ്ങളില്‍ ഈ പുതിയ വര്‍ഗത്തെ സാമൂതിരി സൃഷ്ടിച്ചത്.
മുസ്‌ലിംകളെ പ്രോത്സാഹിപ്പിക്കാനായി രാജ്യത്തിലെ സകലവിധ കയിറ്റിറക്കുകച്ചവടം നടത്താനുള്ള പൂര്‍ണ്ണാവകാശവും മതാനുഷ്ഠാന സ്വാതന്ത്ര്യവും നാട്ടുകാരെ ഇഷ്ടമുണ്ടെകില്‍ മതത്തില്‍ ചേര്‍ക്കാനുള്ള അവകാശവും നാട്ടു സ്ത്രീകളെ വിവാഹം ചെയ്യാനുള്ള അനുവാദവും സാമൂതിരി മുസ്‌ലിംകള്‍ക്ക് കല്പിച്ച് കൊടുത്തു.
ചരിത്രകാരനായ ഡോ.താരാചന്ദ് എഴുതി 'ഒരു നമ്പൂതിരിയുടെ അരികില്‍ ഇരിക്കാനുള്ള അവകാശം ഒരു മുസല്‍മാനുണ്ടായിരുന്നു. ഒരു നായര്‍ക്കുണ്ടായിരുന്നില്ല. മാപ്പിളമാരുടെ മതനേതവായ ഖാസിക്ക് സാമൂതിരിയോടൊപ്പം പല്ലക്കില്‍ യാത്ര ചെയ്യാനും അവകാശമുണ്ടായിരുന്നു. സാമൂതിരിയുടെ സാമ്രാജ്യത്തിലാകമാനം മുസ്‌ലിംകളുടെ സ്വാധീനം വ്യാപിച്ചിരുന്നു.'
ഈ ഔദാര്യം മുസ്‌ലിംകളുടെ സമ്പദ്ഘടനയില്‍ സാരമായ വര്‍ദ്ധനവിനിടയാക്കി. സാമൂതിരിയുടെ ആനുകൂല്യങ്ങള്‍ അറിയപ്പെടാന്‍ തുടങ്ങിയതോടെ കൂടുതല്‍ കച്ചവടസംഘങ്ങള്‍ ഈ തീരത്തേക്ക് പ്രവഹിക്കാനും തുടങ്ങി. അവരോടൊപ്പം മതപ്രചാരണ സംരംഭങ്ങളും പുഷ്ടിപ്രാപിച്ചു.
കാലവര്‍ഷം കഴിയുന്നതുവരെ ഇവിടെ തങ്ങേണ്ടിവന്ന അറബികള്‍ക്കും മതപരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ക്കും പുതിയ സങ്കേതങ്ങളും ആരാധനാലയങ്ങളും വൈവാഹിക ബന്ധങ്ങളും ആവശ്യമായിത്തീര്‍ന്നു. കോഴിക്കോട്ടെ അമ്പാടി കോവിലകം, വലിയ കോവിലകം, ചെറിയ കോവിലകം, ഏറമ്പിറ കോവിലകം, പടിഞ്ഞാറെ കോവിലകം, കിഴക്കെ കോവലികം, കുറ്റിച്ചിറ തമ്പുരാട്ടി ഇല്ലം തുടങ്ങിയ എട്ടോളം കോവിലകങ്ങളില്‍ നിന്നു നാനുറോളം സ്ത്രീകളെ മുസ്‌ലിംകളുടെ ഭാര്യമാരാവാന്‍ സാമൂതിരി അനുവദിച്ചുവത്രെ.
മലബാര്‍ മാനുവലില്‍ വില്യം ലോഗന്‍ പറയുന്നത് നോക്കു: 'മലബാര്‍ ജില്ലയുടെ രാഷ്ട്രീയ ചരിത്രത്തില്‍ മാപ്പിളമാര്‍ വഹിച്ചിട്ടുള്ള പങ്ക് സുപ്രധാനമാണ്. ജനസംഖ്യാപരമായി നോക്കുമ്പോള്‍ ഇപ്പോള്‍ അവര്‍ക്കിടയില്‍ അറബി വംശജരായവരുടെ സാന്നിദ്ധ്യം തുലോം നിസ്സാരമാണെന്നും പറയണം. മാപ്പിളമാര്‍, ഹിന്ദുജനസംഖ്യയെ അപേക്ഷിച്ചു, ശീഘ്രഗതിയില്‍ പെറ്റുപെരുകുന്നുണ്ടെന്നു പറഞ്ഞുകൂടാ. ഹിന്ദുക്കളില്‍ കീഴ്ജാതിക്കാര്‍ക്കിടയില്‍ നടക്കുന്ന മുസ്‌ലിം മതത്തിലേക്കുള്ള പരിവര്‍ത്തനമാണ് അവരുടെ ജനസംഖ്യാ വര്‍ദ്ധവിനു ഒരു കാരണം. സ്വാഭാവിക പ്രക്രിയയെക്കാള്‍ ഇത്തരം മതം മാറ്റം അനുവദനീയമായിരുന്നുവെന്നും കാണണം മാത്രമല്ല അങ്ങനെ ചെയ്യണമെന്ന് സാമൂതിരി രാജ അനുശാസിച്ചിട്ടുള്ള അനുഭവങ്ങളുമുണ്ട്. ഹിന്ദുകളായ മത്സ്യ പിടിത്തക്കാരുടെ കുടുംബങ്ങളില്‍ നിന്ന് ഒന്നോ അതിലധികമോ പുരുഷന്മാര്‍ ഇസ്‌ലാം മതം സ്വീകരിക്കണമെന്ന സാമൂതിരമാരുടെ അനുശാസനം രാജാവിന്‍റെ നാവിക മേല്‍കോയ്മ നിലനിര്‍ത്തുന്നതിന് പറ്റിയ ആളുകളെ വളര്‍ത്തിയെടുകുന്നതിനു വേണ്ടിയായിരുന്നു. ആധുനിക കാലത്ത് പോലും ഈ സമ്പ്രദായം നിലനിര്‍ത്തി പോരുന്നുണ്ട്.'
അറബി സങ്കര വിഭാഗക്കാരായ മുസ്‌ലിംകളെ മുറുക്കള്‍ എന്നാണ് വിളിച്ചിരുന്നത്. മക്കത്ത് പോയ പെരുമാളുടെ പ്രത്യേക മിത്രങ്ങളെന്ന നിലയില്‍ സാമൂതിരിയും അറബികളും തമ്മില്‍ കൂടുതല്‍ അടുപ്പം ഉണ്ടാകാന്‍ ഇടയായത് കൊണ്ടാവം പല പാശ്ചാത്യ സന്ദര്‍ശകരും സാമൂതിരിയെ മുറീഷ് പ്രിന്‍സ് (MOORISH PRINCE) എന്ന് വിഷേശിപ്പിച്ചതെന്നാണ് ചരിത്ര ഭാഷ്യം സാമൂതിരിയും മുസ്‌ലിംകളും തമ്മിലുള്ള കൂട്ടായ്മയും അന്നത്തെ ഹിന്ദു-മുസ്‌ലിം സുദൃഢ ബന്ധവും ശൈഖ് സൈനുദ്ധീന്‍ രണ്ടാമന്‍ അടിവരയിട്ടു പറയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. അക്കാലത്ത് വെള്ളിയാഴ്ച്ച ജുമുഅ നമസ്‌ക്കാര പ്രസംഗം(ഖുതുബ)കളില്‍ ഹൈന്ദവ രാജാവായിരുന്നിട്ടുകൂടി സാമൂതിരിയുടെ ക്ഷേമാശൈ്വര്യങ്ങള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു. ഈയിടെ അന്തരിച്ച സാമൂതിരി പി. കെ. എസ്. രാജയും മതസൗഹൃദം നിലനിര്‍ത്തി. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് നടത്തിയ സ്‌നേഹ സ്പര്‍ശം കുറ്റിച്ചിറ മിശ്ക്കാല്‍ പള്ളിയും തളിക്ഷേത്രവും തനിക്കൊരുപൊലെ എന്ന വിളമ്പരമായിരുന്നു. സാമൂതിരി രാജാവിന്റെ മന്ത്രി മങ്ങാട്ടച്ചനും സരസ ശിരോമണിയും പണ്ഡിതനും കവിയുമായ കുഞ്ഞായിന്‍ മുസ്‌ലിയാരും തമ്മിലുളള ആത്മബന്ധം സുവിദിതമാണല്ലൊ.
ഇസ്‌ലാമിന്‍റെ ആരംഭം മുതല്‍ മലയാളക്കരയില്‍ ഹൈന്ദവ ജനവിഭാഗങ്ങളുമായി വളരെ സൗഹാര്‍ദത്തില്‍ ജീവിച്ചിരുന്ന മുസ്‌ലിങ്ങളെ സമൂഹം മാന്യമായ അംഗീകാരവും സ്ഥാനവും നല്‍കി. ഹൈന്ദവ ഭരണകര്‍ത്താക്കളുടെയും നാടുവാഴികളുടെയും ഉന്നത കുലസ്ഥാനീയരുടെയും കുടുംബങ്ങളില്‍ നിന്ന് മുസ്‌ലിങ്ങള്‍ വൈവാഹിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. രാജകൊട്ടാരങ്ങളിലും കോവിലകങ്ങളിലും മാന്യമായ സ്ഥാനം ലഭിച്ചു. സാമൂതിരി ഭരണത്തില്‍ അധികാരത്തിന്‍റെ പല ഉന്നത ശ്രേണികളിലും മുസ്‌ലിങ്ങളുടെ സ്ഥാനം നിര്‍ണായകമായിരുന്നു. സാമൂതിരിയുമായി സഹകരിച്ച് കടല്‍ വ്യാപാരരംഗത്ത് മേല്‍കോയ്മ നേടി. മുസ്‌ലിങ്ങള്‍ക്ക് സാമൂതിരിയോടൊപ്പം ഇരിക്കാനു ഇടപഴകാനും തടസമില്ലായിരുന്നു. എന്നാല്‍ ഹൈന്ദവരില്‍ പല ജാതിക്കാരുടെയും സ്ഥിതി മറിച്ചായിരുന്നു.
പണ്ഡിതനും പ്രഥമ അറബി മലയാള കവിയുമായ കോഴിക്കോട്ടെ ഖാസി മുഹമ്മദിന്‍റെ ഫതഹുല്‍ മൂബീനിലെ ചില വരികളുടെ ആശയം ഇങ്ങിനെ ഗ്രഹിക്കാം.
'ഇസ്‌ലാം മതത്തിനും ഹിന്ദു മതത്തിനും
വേണ്ടണ്ടിയൊരുപോലെ പോരാടിടും
സാമൂതിരി തന്‍ യുദ്ധകഥ കേള്‍പ്പിന്‍
സാമൂതിരിക്കായ് സദാ പ്രാര്‍ത്ഥിച്ചീടിന്‍'
സാമൂതിരിയും മുസ്‌ലിംകളും തമ്മിലുള്ള കൂട്ടായ്മയുടെയും ഹിന്ദു-മുസ്‌ലിം ഐക്യത്തിന്‍റെയും പ്രമുഖ വക്താവായിരുന്നു ഖാസി മുഹമ്മദ്. ശൈഖ് സൈനുദ്ധീന്‍ രണ്ടാമന്‍ തുഹ്ഫത്തുല്‍ മുജാഹിദീനില്‍ അടിവരയിട്ട് ഈ ബന്ധത്തെ പ്രശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
മലയാളക്കരയില്‍ പറങ്കികളുടെ അധിനിവേശ തകര്‍ച്ചക്ക് ആരംഭം കുറിച്ച ചാലിയംകോട്ട പിടിച്ചടക്കാന്‍ 1571 ല്‍ മുന്‍ ഒരുക്കങ്ങള്‍ നടത്തിയതില്‍ പ്രമുഖ സ്ഥാനം തെക്കെ മലബാറിനുമുണ്ട്. പറവണ്ണ, ചാലിയം, പരപ്പനങ്ങാടി, പൊന്നാനി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നെത്തിയ മുസ്‌ലിം യോദ്ധാക്കളും നായര്‍ പടയാളികളും ഉള്‍പ്പെട്ട വലിയൊരു വ്യൂഹത്തിന്‍റെ അനിതരസാധാരണമായ ഒത്തുചേരല്‍ മലബാറിനെ രോമാഞ്ചം അണിയിച്ചു. നേതൃത്വം സാമൂതിരി മന്ത്രിമാര്‍ക്കായിരുന്നു. കുഞ്ഞാലി മരക്കാരുടെയും പൊന്നാനി സ്വദേശി കുട്ടിപ്പോക്കരുടെയും നേതൃത്വത്തിലുള്ള നാവിക സേന കടലില്‍ നിന്നും, സാമൂതിരിയുടെ നായര്‍പടയാളികള്‍ കരയില്‍ നിന്നും ഒരേസമയം കോട്ട വളഞ്ഞു. ഉപരോധം നാലു മാസത്തോളം നീണ്ടുനിന്നു. ഈ ചരിത്ര മുഹൂര്‍ത്തത്തിന് നിറ സാന്നിദ്ധ്യമേകാന്‍ സാമൂതിരിയും പരിവാരവും പുറപ്പെട്ടത് പൊന്നാനി തൃക്കാവ് കോവിലകത്ത് നിന്നായിരുന്നു. യുദ്ധത്തില്‍ ധാരാളം പറങ്കികള്‍ കൊല്ലപ്പെട്ടു. സാമൂതിരിയുടെ ഉപദേശകനായ അല്ലാമ അബ്ദുല്‍ അസീസ് മഖ്ദൂം കോഴിക്കോട് ഖാസി അബ്ദുല്‍ അസീസ്, അബുല്‍ വഫാ മാമ്മുക്കോയ തുടങ്ങിയ പണ്ഡിത ശ്രേഷ്ഠര്‍ പോരാട്ട നേതൃസ്ഥാനികളില്‍ പ്രമുഖരാണ്. പറങ്കിള്‍ക്ക് ഭക്ഷണവും കൂടിവെള്ളവും ലഭിക്കാതെ പരവശരായി. അവസാനം താനൂര്‍ രാജാവിന്‍റെ നേതൃത്വത്തില്‍ അവരെ വിട്ടയക്കുകയും കോട്ടയുടെ അടിക്കല്ല് പൊളിച്ച് മാറ്റുകയും കല്ലുകള്‍ തകര്‍ക്കപ്പെട്ട മുസ്‌ലിം പള്ളി പുന സ്ഥാപിക്കാന്‍ നല്‍കുകയും ചെയ്തു. മാലിക്ക് ഇബ്‌നുദീനാറിന്‍റെ കാലത്ത് ഇവിടെ നിര്‍മ്മിച്ച ആദ്യ മുസ്‌ലിം പള്ളിയും മറ്റു രണ്ടു പള്ളികളും ഖബറിടങ്ങളും തകര്‍ത്ത കല്ലുകള്‍കൊണ്ടാണ് അനോദ അക്കൂന്ന പോര്‍ച്ചുഗീസ് വൈസ്രോയിയായിരുന്ന കാലത്ത് 1931 ല്‍ കോട്ട പണിതത്. സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പടവാളെന്നാണ് ചരിത്രം ഒരേ സ്വരത്തില്‍ ഈ കോട്ടയെ വിശേഷിപ്പിച്ചത് പോരാട്ടത്തില്‍ സാമൂതിരി പക്ഷത്ത് ആള്‍നാശം കുറവായിരുന്നു. വിജയശ്രീലാളിതനായ സാമൂതിരി മലബാറിന്റെ വാണിജ്യമേഖലയും മറ്റും പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഈ കാലഘട്ടത്തില്‍ സംയുക്തസേനക്ക് സുധീരം നേതൃത്വം നല്‍കിയ മരക്കാര്‍ സേനയുടെ ഉപനായകനായ പൊന്നാനിയുടെ പടവാളേന്തിയ ധീരപുത്രന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ക്യാപ്റ്റന്‍ കുട്ടിപോക്കരുടെ നേതൃത്വത്തില്‍ നടന്ന പോരട്ടങ്ങളെല്ലാം മികച്ച വിജയങ്ങളുടെ വെന്നികൊടി പാറിച്ചവയായിരുന്നു.
.jpg)