5. പുരാതന മുസ്‌ലിം യൂനിവേഴ്‌സിറ്റികള്‍
ടിവി അബ്ദുറഹിമാന്‍കുട്ടി
മുബൈല്‍ : 9495095336
സ്‌പെയിനിലും ബാഗ്ദാദിലും ദമസ്‌ക്കസിലും കൈറോവിലും സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന മുസ്‌ലിം കലാലയങ്ങളും യൂണിവേഴ്‌സിറ്റികളും ഒരു കാലത്ത് ലോകത്തിന് വെളിച്ചം വിതറിയ സമുന്നത വിദ്യാകേന്ദ്രങ്ങളായിരുന്നു. മുസ്‌ലിം ലോകം അക്കാലത്ത് കാലാനുസൃതമായി വൈജ്ഞാനിക രംഗത്ത് മുന്നേറിയപ്പോള്‍ ഇന്ന് പ്രസിദ്ധമായ പല പാശ്ചാത്യ രാജ്യങ്ങളും അജ്ഞതയുടെ അന്ധകാരത്തില്‍ മുഴുകി പി്‌ന്നോക്കാവസ്ഥയിലായിരുന്നു. ക്രൈസ്തവ മത പണ്ഡിതന്മാരുടെ പാതിരി മഠങ്ങളായിരുന്നു തെല്ലൊരാശ്വാസം. മഠങ്ങളിലെ പഠനമാണെങ്കില്‍ പുരോഹിതന്‍മാരാകാന്‍ വേണ്ടി മാത്രം നിജപ്പെടുത്തി. ഇതെ കാലഘട്ടത്തില്‍ മുസ്‌ലിം രാജ്യങ്ങളിലാവട്ടെ ഭരണാധികാരികളും കുടുംബങ്ങളും സമുദായത്തിലെ സമ്പന്നരും വഖഫ് ചെയ്ത സ്വത്തുക്കള്‍ പ്രയോജനപ്പെടുത്തി പള്ളികളോട് ചേര്‍ന്ന് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നു. ദൈനം ദിനം വീടുകളില്‍ നിന്ന് വന്നിരുന്നവരും പാഠശാലകളോടനുബന്ധിച്ചുള്ള തമ്പ് (റുവാക്ക്)കളില്‍ താമസിച്ചിരുന്നവരുമായിരുന്നു പഠിതാക്കള്‍. പല വിദേശ രാജ്യങ്ങളില്‍ നിന്നും പഠിതാക്കളെത്തി. സമ്പന്നരുടേയും ദരിദ്രരുടേയും വ്യവസായികളുടേയും തൊഴിലാളികളുടേയും കുട്ടികള്‍ ഒന്നിച്ചു പാര്‍ത്തു ഒന്നിച്ചു പഠിച്ചു ഒന്നിച്ചു കളിച്ചു.സര്‍വര്‍ക്കും വിദ്യാഭ്യാസവും താമസിച്ചു പഠിക്കുന്നവര്‍ക്ക് ഭക്ഷണം ചികിത്സ താമസം പഠനോപകരണങ്ങള്‍ തുടങ്ങിയവയും സൗജന്യമായി നല്‍കി.
ഇമം നൂറുദ്ധീന്‍ ശഹീദ് ദമസ്‌ക്കസില്‍ സ്ഥാപിച്ച കലാശാല മികവുറ്റ ഇസ്‌ലാമിക നാഗരികതയുടേയും സാങ്കേതിക പരിജ്ഞാനത്തിന്‍റെയും വിദ്യാകേന്ദ്രമായിരുന്നു. നുറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ഇത്തരം ദീനി മദാരിസുകളും കലാശാലകളും പലയിടത്തും ഉണ്ടായിരുന്നു. ഇതേ കാലത്താണ് ഈജിപ്തിലെ ജാമിഅത്തുല്‍ അസ്ഹര്‍ സ്ഥാപിതമായത്.
ആരംഭത്തില്‍ പള്ളിയിലെ ഹാളുകളിലായുന്നു ക്ലാസുകള്‍ വിവിധ രാജ്യക്കാര്‍ അവരവരുടെ റുവാക്കുകളില്‍ താമസിച്ച് പഠിച്ചു. കാലാന്തരത്തില്‍ ഈ സ്ഥാപനം ആഗോള രംഗത്ത് സര്‍വകലശാലകള്‍ക്ക് മാതൃകയായി വളര്‍ന്നു. ഈജിപ്തിന്റെ നവേത്ഥാനത്തില്‍ സുപ്രധാന പങ്ക് വഹിച്ച ഫാത്വിമി ഭരണത്തില്‍ കൈറോപട്ടണം രൂപ കല്‍പ്പനചെയ്ത ഭരണാധികാരി അല്‍മുഈസ്സുലിദീനില്ലാഹിയുടെ കമാന്‍ഡര്‍ അല്‍ ജൗഹറുല്‍സ്സിഖില്ലിയാണ് ക്രി: വ : 970 ല്‍ അല്‍ അസ്ഹറിന് അടിത്തറ പാകിയത് .ഉസ്മാനിയ ഭരണത്തിന്‍റെ കാലഘട്ടത്തിലാണ് സ്ഥാപനം അക്കാദമിക്ക് തലത്തില്‍ നവീന പരിഷ്‌ക്കരണങ്ങള്‍ക്ക് വേദിയായത്. ഈജിപ്തിലെ അത്യുന്നത അപൂര്‍വ്വ തസ്തികകളില്‍ ഒന്നായ ശൈഖുല്‍ അസ്ഹര്‍ പദവിയില്‍ സമ്മുന്നത പണ്ഡിത ശ്രേഷ്ഠരെ നിയമിച്ച് പാഠ്യ പാഠ്യേതര രംഗത്ത് ആഗോള തലത്തില്‍ മികവ് പ്രകടിപ്പിച്ചു. ഇസ്‌ലാമിക വൈജ്ഞാനികരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ഇമാം ജമാലുദ്ദീന്‍ സുയുത്വി, ഇബ്‌നു ഹജറുല്‍ അസ്‌കലാനി, ഇബ്‌നു ഹിശാം, ഇമാം സുബുകി തുടങ്ങി നിരവധി അന്താരാഷ്ട്ര പ്രശസ്തരായപണ്ഡിത പ്രതിഭകള്‍ക്ക് അസഹര്‍ ജന്മം നല്‍കി.
പ്രതിഭാശാലികളും മഹാജ്ഞാനികളുമായ ഇമമം നവവി, ഇബ്‌നു സ്വലാഹ്, അബൂശാമ, തകിയ്യുദിനുബ്‌നു സുബുകി, ഇമാദുദീനു ഇബ്‌നു കസീര്‍ തുടങ്ങിയവര്‍ ഡമസ്‌ക്കസിലെ കലാലയങ്ങളിലും ഇമാം ഗസാലി ശിറാസി, ഇമാമുല്‍ ഹറമൈനി അല്ലാമ ശാസാബി, ഖത്വീബ് തബീരീസി, ഗസിവീനി, ഫൈറൂസാബാദി തുടങ്ങിയവര്‍ ബാഗാദാദിലെ മദ്രസത്തു നിളാമിയയിലും ഗുരുവര്യന്‍ മാരായിരുന്നു. ആദ്യകാലത്ത് അദ്ധ്യാപക സേവനം സൗജന്യമായിരുന്നു. വഖഫ് സ്വത്തുക്കളില്‍ നിന്ന് വരുമാനം വര്‍ദ്ധിച്ചതോടെ ഗുരുനാഥന്മാര്‍ക്ക് പ്രതിഫലവും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കി. വിവിധ രാജ്യങ്ങളില്‍ വിജ്ഞാന സദസ്സുകളും ലൈബ്രററികളും സ്ഥാപിച്ചു. ബാഗ്ദാദിലെ ബൈത്തുല്‍ ഹിക്മ, സ്‌പെയനിലെ അല്‍ ഹകമ, ട്രിപ്പോളിയിലെ അബൂ അമാര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വിശ്വ പ്രശസ്തങ്ങളായിരുന്നു.
ഗോളശാസ്ത്രം, രസതന്ത്രം, വൈദ്യം, ഗണിതാക്കങ്ങള്‍, പൂജ്യം, മുഹമ്മദ്ബ്‌നു മൂസ ഖുവാരിസ്മി ചിട്ടപ്പെടുത്തിയെടുത്ത അല്‍ ജിബ്ര(ബീജ ഗണിതം), തുടങ്ങിയവ യൂറോപ്യര്‍ക്ക് പഠിപ്പിച്ചത് അറബികളായിരുന്നു. ബീജഗണിതത്തിന് അടിത്തറ പാകിയ കിതാബ് മുഖ്തസ്വരി ഫീ ഹിസാബില്‍ ജബ്‌രിബല്‍ മുഖാബല തുടങ്ങി പല ഗണിത ശാസ്ത്ര കൃതികളും യൂറോപ്യന്‍ ഭാഷകളിലേക്ക് മൊഴി മാറ്റം നടത്തി. ശഹറസാദ് തന്‍റെ ഭര്‍ത്താവായ ശഹരീയാര്‍ രാജാവിനോട് ആയിരത്തി ഒന്ന് രാവുകളിലായി അതുല്ല്യ ഭാവന ശൈലികളിലൂടെ കഥപറഞ്ഞുകൊടുത്ത അല്‍ഫു ലൈല വ ലൈല(ആയിരത്തിയൊന്ന് രാവുകള്‍) തുടങ്ങിയ പല കഥാസാഹിത്യ സൃഷ്ടികളും ജന്മമെടുത്തു.
ഇസ്‌ലാമിന്‍റെ ആരംഭത്തിന് ശേഷം ഏതാണ്ട് ആറ് നൂറ്റാണ്ടോളം കാലം ലോകത്തിലെ സര്‍വ്വവിധ വൈജ്ഞാനിക ശാഖകളുടെയും നേതൃത്വം മുസ്‌ലീംകള്‍ക്കായിരുന്നു. വിജ്ഞാനവും സമ്പത്തും അധികാരവും സൈനിക ശക്തിയും ഭരണ നൈപുണ്യവും കലാസാഹിത്യവും മത്സരത്തോടെ സമുന്നയിച്ചതായിരുന്നു ഈ കാലഘട്ടം. ഹാറൂന്‍ അല്‍ റഷീദ് തുടങ്ങി സുല്‍ത്വാന്‍ സലാഹുദ്ധീന്‍ അയ്യൂബി പോലുള്ള ഭരണാധികാരികള്‍ ഉന്നത ശീര്‍ഷരായ പണ്ഡിതന്മാര്‍, കവികള്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയ മഹാ പ്രതിഭാശാലികള്‍ ഒത്തുചേര്‍ന്ന ഈ കാലഘട്ടം പ്രവാചകന് ശേഷം ഇന്നുവരെയുള്ള സ്ഥിതി വിവര കണക്കുകള്‍ പരിശോധിച്ചാല്‍ അതത് കാലത്തെ ഇതര വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ലോക മുസ്‌ലിം ചരിത്രത്തില്‍ ഏറ്റവും തിളക്കമേറിയ അധ്യായമാണ് ഈ കാലഘട്ടം നമുക്ക് പറഞ്ഞു തരുന്നത്. ഈ നവോത്ഥാനം യൂറോപ്പിലാകെ പടര്‍ന്നു ക്രമേണ ലോകത്തിന്‍റെ നാനാ ഭാഗത്തും വ്യാപിച്ചു. അതുവരെ ഗ്രഹിക്കാത്ത പലതും പശ്ചാത്യര്‍ക്ക് മുസ്‌ലിം സ്‌പെയിന്‍ പരിചയപ്പെടുത്തി. കൊളമ്പസിന് നാലര നൂറ്റാണ്ട് മുമ്പ് തന്നെ സ്‌പെയിനും അറബികളും അമേരിക്കയുമായി വ്യാപര ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു.
.jpg)